Sunday, December 24, 2006

ചെമ്പകം

ചെമ്പകം
ഡിസംബറിലെ ഒരു മഴ
തണുത്ത കാറ്റില്‍, ചെരിഞ്ഞു പെയ്യുന്ന മഴയേയും നോക്കി, നനഞ്ഞ മരങ്ങള്‍ക്കിടയിലൂടെ ഞാന്‍ നടക്കുകയാണ്. ഡിസംബറിലെ, മഞ്ഞില്‍ മൂടാന്‍ വെമ്പുന്ന ആ നനുത്ത സന്ധ്യയില്‍ അപ്രതീക്ഷിതമായാണ് മഴ കോരിച്ചൊരിഞ്ഞത്. കുടയില്ലെങ്കിലും വിഷമമായി തോന്നിയില്ല. മണ്ണില്‍ നിന്നുയര്‍ന്ന സുഗന്ധം അവിടെയാകെ പരന്നു. മഴ നനഞ്ഞുകൊണ്ട് ഞാന്‍ മരങ്ങള്‍ക്കിടയിലൂടെ നടന്നു. ആ മഴയത്ത് അവരെന്റെ കൂട്ടുകാരായി...ഞങ്ങളൊരുമിച്ചു പാട്ടുപാടി.
ഇടയ്ക്കിടെ വിരുന്നുകാരനെപ്പോലെ കടന്നെത്തുന്ന തണുത്തകാറ്റ് മെല്ലെ തലോടുന്നു. മരത്തടികളിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം ഒരു കൊച്ചരുവിപോലെ തോന്നിച്ചു. ഇലകള്‍ വെള്ളത്തിന്റെ ഭാരം കാരണം താഴോ‍ട്ടു ചാഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. മരങ്ങളിലെ വെളുപ്പും നീലയും നിറങ്ങളിലുള്ള പൂക്കള്‍ മണ്ണിലെ വെള്ളച്ചാലിലൂടെ ഒലിച്ചു പോകുന്നു. മഴയത്ത് നിലത്തെ പുല്‍പ്പരപ്പുകള്‍ മണ്ണിനോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്നു. അവയില്‍ കൊച്ചുകൊച്ചുമഴത്തുള്ളികള്‍ വീണുടയുന്നതു കാണാന്‍ എന്തു ഭംഗിയാണ്. ഒരു കിളി എവിടെയോ ഇരുന്ന് നീട്ടിപ്പാടി. അതിന്റെ മധുരമാര്‍ന്ന ശബ്ദം മഴത്തുള്ളികള്‍ വീണുടയുന്ന ശബ്ദത്തോടുകൂടി ലയിച്ചുചേര്‍ന്നു. പെട്ടെന്നു വീശിയ കാറ്റ്, മരങ്ങളെ ആകെയൊന്നുലച്ചു. ആ കാറ്റ്, മരങ്ങളില്‍നിന്നും വെള്ളത്തുള്ളികള്‍മഞ്ഞുതുള്ളികള്‍കണക്കെ നാലുപാടും തെറിപ്പിച്ചു. ഞാന്‍ കണ്ണടച്ചുപിടിച്ചു... കാലിന്റെ അടിയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളംഎന്നെ ഇക്കിളിപ്പെടുത്തിയപ്പോള്‍ ഞാന്‍ മെല്ലെ കണ്ണുതുറന്നു. മഴ നിന്നിരിക്കുന്നു.പ്രക്ര്‌തിയാകെ മിനുങ്ങിനില്‍ക്കുകയാണ്.ഉറക്കം വിട്ടെഴുന്നേറ്റപോലെ ചിലപുല്‍നാമ്പുകളുയര്‍ന്നു നില്‍ക്കുന്നു. അമ്മയില്‍നിന്നു വിട്ടുമാറാന്‍ ഇഷ്ടമില്ലാത്ത കുഞ്ഞിനെപ്പോലെ പച്ചിലകളില്‍ വെള്ളം തങ്ങിനില്‍ക്കുന്നു. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മരങ്ങളുടെ നിഴല്‍. ഞാന്‍ വീട്ടിലേക്കു നടന്നു. അപ്പോഴും എന്റെ മനസ്സുനിറയെ മഴയും മഴനനഞ്ഞ മരങ്ങളുമായിരുന്നു.. -അനില{അനു}

3 Comments:

Blogger അനംഗാരി said...

അനൂ ഇത് മനോഹരമായിരിക്കുന്നു.വായിക്കുമ്പോള്‍ ഞാന്‍ മഴയെ അനുഭവിക്കുകയായിരുന്നു.എത്ര നന്നായാണ് മഴയെ അനു വരച്ചത്!നന്നായി എഴുതൂ.അഭിനന്ദനങ്ങള്‍..

Sunday, December 24, 2006 7:32:00 PM  
Blogger reshma said...

ഞാനും മഴ നനഞ്ഞു.

Sunday, December 24, 2006 7:42:00 PM  
Blogger വിശ്വപ്രഭ viswaprabha said...

ഈ മഴ സുന്ദരമായിട്ടുണ്ട്!മിടുക്കിയായി എഴുതിയിട്ടുണ്ട്.

അനുമോളുടെ എഴുത്തു വായിച്ച് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു!

:-)

Sunday, December 24, 2006 9:52:00 PM  

Post a Comment

<< Home